Sunday, March 30, 2008

ഓലേഞ്ഞാലി



പക്ഷികള്‍ക്കിടയില്‍ വിചിത്രസ്വാഭവക്കാരുണ്ട്‌. രക്ഷകരുണ്ട്‌, അതുപോലെ മറ്റു ജാതി പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും സൂത്രത്തില്‍ അപഹരിക്കുന്ന കശ്മലന്മാരുമുണ്ട്‌. അത്തരത്തില്‍ കശ്മല ഗണത്തില്‍ പെടുത്താവുന്ന രണ്ടു ജാതി പക്ഷികളെക്കുറിച്ചാദ്യം പറയാം.


1. ഓലേഞ്ഞാലി -(Indian Treepie)


ദേഹത്തിന്‌ മൈനയോളം വലിപ്പം, വാല്‍ നീണ്ടത്‌; തല, കഴുത്ത്‌, മാറിടം ഇവ കറുപ്പ്‌. ദേഹം ആകെപ്പാടെ തവിട്ടു നിറം.ഓലേഞ്ഞാലിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. നാട്ടിന്‍പുറങ്ങളില്‍ സുലഭം. പുക്രീന്‍...എന്ന ശബ്ദത്തോടെ മരങ്ങള്‍ക്കിടയില്‍ ഇവയെ കാണാം. ആയതിനാല്‍ വേറൊരു പേര്‌ പൂക്കുറുഞ്ഞി. തെങ്ങിന്റെ ഓലകള്‍ക്കിടയിലുള്ള പുഴുക്കളും, കീടങ്ങളുമാണ്‌ ഇഷ്ടന്റെ പ്രധാന ഭക്ഷണങ്ങളിലൊന്ന്‌. ഓലയില്‍ കൊക്കുകൊണ്ട്‌ ഉരസിക്കൊണ്ട്‌ പക്ഷി ഊര്‍ന്നിറങ്ങും. അതിനാലാകാം ഓലേഞ്ഞാലി എന്ന പേര്‍ വന്നത്‌. നിലത്തിറങ്ങി കാണാറില്ല. എങ്കിലും ഒരിക്കല്‍ ഭക്ഷണത്തിന്റെ ഇലകള്‍ കൂട്ടിയിടുന്ന കുപ്പക്കരികെ നിലത്തിരുന്ന് ചോറു തിന്നുന്ന ഓലേഞ്ഞാലിയെ ഞാന്‍ കണ്ടിട്ടുണ്ട്‌.ഓലേഞ്ഞാലികള്‍ എപ്പോഴും ഇണയോടൊപ്പമാണ്‌ നടക്കുക. ശബ്ദാവലികള്‍ ഏറെയുണ്ടെങ്കിലും പുക്രീന്‍ എന്ന നീട്ടിയുള്ള ശബ്ദമാണ്‌ കൂടുതല്‍ പരിചിതമായത്‌.തരം കിട്ടിയാല്‍ മറ്റുപക്ഷികളുടെ മുട്ടകളെയും കുന്‍ഞ്ഞുങ്ങളെയും അപഹരിക്കുന്ന സ്വഭാവമുണ്ട്‌ ഓലേഞ്ഞാലിക്ക്‌. ബുള്‍ബുള്‍, തുന്നാരന്‍ തുടങ്ങിയ ചെറുപക്ഷികള്‍ പലപ്പോഴും ശത്രുഭയത്താല്‍ ഓലേഞ്ഞാലിയുടെ കൂടിനരികെ വന്ന് കൂടുകെട്ടാറുണ്ട്‌. കാക്ക, പരുന്ത്‌ തുടങ്ങിയ വലിയ ശത്രുക്കളെ കൂട്ടമായി നേരിടാന്‍ വേണ്ടിയാണിത്‌. എന്നാല്‍ ഓലേഞ്ഞാലിയുടെ കൂട്ടില്‍ മുട്ടകള്‍വിരിഞ്ഞാല്‍ ഉടനെ പക്ഷി തൊട്ടടുത്തുള്ള കൂടുകള്‍ അപഹരിക്കാനെത്തും. ഒരുതരം വിശ്വാസവഞ്ചന.ഞാന്‍ നിരീക്ഷിച്ചു വന്ന രണ്ടു തുന്നാരന്റെ കൂടുകളും, ഒരു സൂചിമുഖിയുടെ കൂടും ഇതുപോലെ ഓലേഞ്ഞാലിയുടെ സാമര്‍ത്ഥ്യത്തിനിരയായിട്ടുണ്ട്‌.മാര്‍ച്ചു മുതല്‍ ജൂണ്‍ വരെയാണ്‌ പ്രധാന പ്രജനന കാലം. കാക്കക്കൂടുപോലെ തന്നെയാണ്‌ കൂട്‌. ചുള്ളികളും, നാരുകളും കൊണ്ട്‌ വട്ടത്തില്‍. ഉയരമുള്ള മരങ്ങളുടെ ഇലകള്‍ക്കിടയിലാണ്‌ സാധാരണ കൂടുകെട്ടാറ്‌. കൂടു കെട്ടുന്ന കാലത്ത്‌ പക്ഷി നിശബ്ദമായി നടക്കുന്നതിനാല്‍ കൂടു കണ്ടെത്തുക വിഷമമാണ്‌. ഞാന്‍ ഒരിക്കല്‍ കണ്ട കൂട്‌ പറമ്പിലെ പനയിലായിരുന്നു. നല്ലപോലെ മറഞ്ഞായിരുന്നു കൂട്‌. കൂടിനരികെ കാക്ക തുടങ്ങിയ പക്ഷികള്‍ വന്നാല്‍ ഓലേഞ്ഞാലികള്‍ കൊത്തിയാട്ടുന്നത്‌ കാണാം. കാക്കയാണ്‌ പ്രധാന ശത്രു. ഇങ്ങനെ കാക്കകളെ വല്ലാതെ കൊത്തി വേട്ടയാടുന്നത്‌ കണ്ടാല്‍ അടുത്തെവിടെയെങ്കിലും ഇഷ്ടന്റെ കൂടുണ്ടെന്ന് മനസ്സിലാക്കാം.എന്തായാലും സ്വഭാവ സവിശേഷത കൊണ്ടും, വാചാലത കൊണ്ടും നാട്ടുകാരുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു പക്ഷിയാണ്‌ ഓലേഞ്ഞാലിയെന്നത്‌ അതിന്റെ മലയാളിത്തമുള്ള പേരില്‍ നിന്നു തന്നെ മനസ്സിലാക്കാം.




2. ചെമ്പോത്ത്‌ ( )


കാക്കയോളം വലിപ്പം; ചുമന്ന കണ്ണുകള്‍. ചെമ്പിച്ച ചിറകുകള്‍, ബാക്കി ഭാഗമെല്ലാം കറുപ്പ്‌. ഗൂബ്‌-ഗൂബ്‌.. എന്ന് മുഴക്കത്തിലുള്ള ശബ്ദം.പോത്തിന്റെ നിറമുള്ളം ദേഹവും ചെമ്പിന്റെ നിറമുള്ള ചിറകുകളും ഉള്ളതിനാലാവാം 'കെമ്പോത്ത്‌'എന്ന പേര്‍ വന്നത്‌.ഉഷാറല്‍പ്പം കുറഞ്ഞ പക്ഷിയാണിത്‌. സദാ വേലിക്കരികിലും പൊന്തകള്‍ക്കിടയിലും, നിലത്തു നടന്നും മറ്റുമാണ്‌ ഇരതേടല്‍. ഉയരത്തിലേക്ക്‌ പറക്കാനൊക്കെ മടിയാണ്‌.ഓലേഞ്ഞാലിയുടെതുപോലെ കശ്മല സ്വഭാവം ചെമ്പോത്തിനുമുണ്ട്‌. പറമ്പിക്കുളത്തെ ഒരു വൈല്‍ഡ്‌ ഓഫീസര്‍ എഴുതിയ ലേഖനം ഈയവസരത്തില്‍ ഓര്‍മ്മ വരുന്നു. അദ്ദേഹം മരമുകളില്‍ കയറി പൊത്തില്‍ കൂടുകെട്ടിയ പക്ഷികളുടെ കൂടിന്റെയും, മുട്ടകളുടെയും മറ്റും അളവുകളും മറ്റും എടുക്കുകയായിരുന്നു. ഒരു സര്‍വെയുടെ ഭാഗമായി. അങ്ങനെ രണ്ടു മൂന്ന് മരങ്ങളില്‍ കയറിയ ശേഷമാണ്‌ അദ്ദേഹത്തിന്‌ ഒരു കാര്യം ബോദ്ധ്യമായത്‌. ഒരു ചെമ്പോത്ത്‌ അദ്ദേഹത്തെ പിന്തുടരുന്നു. കൂടില്‍ നിന്ന് അളവെടുത്ത്‌ ഓഫീസര്‍ ഇറങ്ങിയാല്‍ ഉടന്‍ ചെമ്പോത്ത്‌ പൊത്തിലെത്തി മുട്ടകള്‍ ശാപ്പിടും. കൂടു കണ്ടെത്തുന്ന ജോലി വേണ്ടല്ലോ, അത്‌ ഓഫീസര്‍ നിര്‍വഹിക്കുന്നുണ്ടല്ലോ? പാമ്പുകളെയും, ചേരയേയും മറ്റും ചെമ്പോത്തുകള്‍ പിടികൂടാറുണ്ട്‌. വീടിനരികെ സ്ഥിരമായി കണ്ടിരുന്ന ഒരു ചേരയെ ഇങ്ങനെ ചെമ്പോത്തു പിടികൂടിയത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.മഴക്കാലത്താണ്‌ പ്രധാന പ്രജനനം. തെങ്ങിന്റെ ഓലകൊണ്ട്‌ അണ്ഡാകൃതിയിലുള്ള പന്തുപോലെയാണ്‌ കൂട്‌. തെങ്ങിന്റെ നെറുകയിലാണ്‌ സാധാരണ കൂട്‌ കെട്ടാറ്‌. കണ്ടാല്‍ ചപ്പില വന്നടിഞ്ഞതാണെന്ന് തോന്നും. മിക്കപ്പോഴും ഇണയോടൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന പക്ഷിയാണ്‌ ചെമ്പോത്ത്‌. നടക്കനും മറ്റും മടിയാണെങ്കിലും, സൂത്രത്തിലും സൂത്രത്തിലും, ബുദ്ധിയിലും ചെമ്പോത്ത്‌ മുന്നില്‍ തന്നെയാണ്‌.പക്ഷികള്‍ക്കിടയിലെ കശ്മലന്മാരെ പറ്റി പറഞ്ഞുവല്ലോ. ഇനി പക്ഷിലോകത്തു തന്നെ ഒരു പ്രധാന കാവല്‍ക്കാരായ പക്ഷികള്‍ ഉണ്ട്‌. നമ്മള്‍ പൂത്താങ്കിരി, ചാണകക്കിളി, ചപ്പിലക്കിളി എന്നെല്ലാം വിളിക്കുന്ന ചിലപ്പന്‍ വര്‍ഗ്ഗക്കാര്‍. ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തില്‍ ഇതിന്റെ പേര്‍ പൂത്താങ്കിരിയെന്നാണെങ്കിലും, സദാ സമയം ചപ്പിലകള്‍ക്കിടയില്‍ കാണാവുന്നതിനാലും, ചപ്പിലയുടെ നിറമായതിനാലും ചപ്പിലക്കിളി ( )എന്ന പേരാണതിന്‌ ഉചിതം എന്നെനിക്കു തോന്നുന്നു. മാടത്തയോളം വലിപ്പം. ആകെപ്പാടെ തവിട്ടു നിറം. തലയുടെ മുകള്‍ ഭാഗം വെള്ള. മിക്കപ്പോഴും കൂട്ടങ്ങളായി കാണാം. ഈ പക്ഷികളുടെ പ്രധാന സവിശേഷത എപ്പോഴും ഏഴും എട്ടും എണ്ണം ചേര്‍ന്ന ഗ്രൂപ്പായാണ്‌ നടക്കുന്നതും ജീവിക്കുന്നതും എന്നതാണ്‌. അതിനാല്‍ ഈ പക്ഷികളെ ഇംഗ്ലീഷില്‍ 'സെവന്‍ സിസ്റ്റേഴ്സ്‌' എന്നും ഹിന്ദിയില്‍ 'സാത്‌ ഭായി' എന്നും വിളിക്കാറുണ്ട്‌.വളരെപ്പേരുടെ നിരീക്ഷണത്തിന്‌ വിധേയമായിട്ടുള്ള പക്ഷിയാണിത്‌. പ്രധാന ആകര്‍ഷണം പക്ഷികള്‍ തമ്മിലുള്ള ഐക്യം തന്നെ. ഒരു ഗ്രൂപ്പില്‍പ്പെട്ട ചപ്പിലക്കിളികളില്‍ ഒരിണ മാത്രമേ ഒരു സമയത്ത്‌ കൂടു കെട്ടുകയുള്ളു. അവയെ സഹായിക്കാന്‍ മറ്റുള്ളവ വരും. ഒരിക്കല്‍ ഒരു കൂട്ടിലെ കുഞ്ഞുങ്ങളെ പോറ്റാന്‍ നാലു പക്ഷികള്‍ ക്യൂ നില്‍ക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌(1996- ജൂണ്‍ 18നായിരുന്നു അത്‌). കായബലം കുറവാണെങ്കിലും മനോധൈര്യം വേണ്ടുവോളമുള്ളവരാണ്‌ ഇക്കൂട്ടര്‍. പക്ഷിലോകത്തിനാകെ കാവല്‍ക്കാരാണിവര്‍. ശത്രുവിനെ കണ്ടാല്‍ ചപ്പിലക്കിളികളുടെ കൂട്ടങ്ങള്‍ ഉറക്കെ കലപില കൂടിക്കൊണ്ട്‌ മറ്റു ജാതി പക്ഷികള്‍ക്കു കൂടു സിഗ്നല്‍ കൊടുക്കും. അതുകൊണ്ടാണെന്നു തോന്നുന്നു, നിലത്ത്‌ ഇര തേടുന്ന ഈ പക്ഷികളുടെ കൂടെ പലപ്പോഴും അണ്ണാറക്കണ്ണന്മാരെയും കാണാം. പാമ്പ്‌, കൂമന്‍, കാക്ക, പരുന്ത്‌, പൂച്ച തുടങ്ങിയവയെല്ലാം ചപ്പിലക്കിളികളുടെ ശത്രുലിസ്റ്റില്‍ പെടുന്നവരാണ്‌. ചപ്പിലക്കിലികളുടെ കൂട്ടങ്ങള്‍ പലപ്പോഴും മരക്കൊമ്പിലും, മോന്തായങ്ങളിലും ഇരുന്നു വിശ്രമിക്കുന്നത്‌ കാണാം. അങ്ങനെ ഇരിക്കുമ്പോള്‍ ഇവറ്റകളുടെ പ്രധാന ജോലി പരസ്പരം പൂട ചീകി വൃത്തിയാക്കലാണ്‌- കൊക്കുകള്‍ കൊണ്ട്‌. മഴക്കാലങ്ങളിലെല്ലാം ഈ കാഴ്ച പലപ്പോഴും കാണാം. കൂടുകെട്ടാന്‍ പ്രത്യേക കാലമില്ല. ചുള്ളികള്‍, നാരുകള്‍, വേരുകള്‍ എന്നിവ കൊണ്ട്‌ കോപ്പ പോലെയാണ്‌ കൂട്‌. ഞാന്‍ പലപ്പോഴും കണ്ട കൂടുകള്‍ തേക്കിലായിരുന്നു. കൂടിന്‌ ഭംഗിയില്ലെങ്കിലും നീലനിറത്തിലുള്ള മുട്ടകള്‍ കാണാന്‍ നല്ല ഭംഗിയാണ്‌. ചപ്പിലക്കിളികളുടെ ഐക്യവും, സാമര്‍ത്ഥ്യവുമെല്ലാം നമ്മള്‍ മനുഷ്യര്‍ക്കുകൂടി നല്ല ഒരു പാഠമാണ്‌