Monday, February 4, 2008

മൈന


കാക്കകളെപ്പോലെത്തന്നെ മനുഷ്യരുമായി ഇടപഴകാന്‍ മടിയില്ലാത്ത ഒരു പക്ഷിയാണ്‌ മൈന, അഥവ മാടത്ത। കേരളത്തില്‍ നാട്ടു മൈന, കിന്നരി മൈന തുടങ്ങി മൈന ജാതിക്കാര്‍ പലവിധമുണ്ടെങ്കിലും സാധാരണക്കാര്‍ക്ക്‌ കൂടുതല്‍ പരിചിതമായത്‌ നാലു ജാതി മൈനകളെക്കുറിച്ചാണിവിടെ പറയുന്നത്‌।
നാട്ടുമൈന(Common Myna)

ദേഹം ഒട്ടേറെ വിളര്‍ത്ത ചോക്ലേറ്റ്‌ നിറം। തല, കഴുത്ത്‌, മാറിടം, വാല്‍ എന്നിവ കറുപ്പ്‌। കൊക്ക്‌, കാല്‍ എന്നിവ മഞ്ഞ। അടിവയര്‍ വെള്ള. കൊക്കില്‍ നിന്നും തുടങ്ങി കവിളില്‍ കൂടി പോകുന്ന മഞ്ഞനഗ്ന ചര്‍മ്മം ഒരു പ്രധാനലക്ഷണം.
നാട്ടിന്‍പുറങ്ങളിലും, പട്ടണങ്ങളിലും കൂടുതല്‍ കാണുന്ന മൈന ജാതിയാണിത്‌.



കിന്നരി മൈന(Jungle Myna)

കാഴ്ചക്ക്‌ നാട്ടുമൈനയോട്‌ വളരെ സാദൃശ്യം. എന്നാല്‍ കണ്ണിനു ചുറ്റുമുള്ള മഞ്ഞ നഗ്ന ചര്‍മ്മമില്ല. നെറ്റിയില്‍ ചെറിയൊരു ശിഖ പൊന്തിനില്‍ക്കുന്നത്‌ പ്രധാനലക്ഷണം. കാക്കയെപ്പോലെത്തന്നെ എന്തും തിന്നു ജീവിക്കാന്‍ സാധിക്കുന്ന ഈ രണ്ടു മൈനജാതിക്കാരുടെയും പ്രധാന ഭക്ഷണങ്ങള്‍ പുഴുക്കള്‍, കൃമികള്‍, പുല്‍പ്പോന്ത്‌ എന്നിവയാണ്‌. നിലത്തിറങ്ങി പതുക്കെ നടന്നാണ്‌ ആഹാരസമ്പാദനം. ഒരേ സ്ഥലത്തു തന്നെ ഇരുപതും മുപ്പതും മൈനകളെക്കാണാമെങ്കിലും ഈ ചെറുകൂട്ടങ്ങള്‍ കുറെ ഇണകളോ, കുടുംബങ്ങളോ ചേര്‍ന്നുണ്ടാകുന്നതാണ്‌. മഹാവാചാലന്മാരാണ്‌ മൈനകള്‍. അവയ്ക്ക്‌ പലതരം ശബ്ദങ്ങള്‍ ഉണ്ട്‌. ക്ലീ കീ - കോര്‍, ഷ്ക്കോ॥ തുടങ്ങി. ഉച്ച സമയങ്ങളില്‍ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഇത്തരം ശബ്ദാവലികള്‍ പതിവാണ്‌. മൈനകളുടെ പ്രധാന പ്രജനന കാലം വേനല്‍ക്കാലങ്ങളില്‍(ജനുവരി മുതല്‍ മെയ്‌ വരെ) ആണ്‌. സാധാരണയായി മരപ്പൊത്തുകളിലോ, ചുമരുകളിലെ മാളങ്ങളിലോ ആണ്‌ കൂടു കെട്ടുന്നത്‌. എന്റെ കുട്ടിക്കാലത്ത്‌ തറവാടിന്റെ പത്തായപ്പുരയിലെ ചുമരില്‍ ഇത്തരം നാട്ടുമൈനയുടെ കൂടുകള്‍ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്‌. തുണിക്കഷ്ണങ്ങളും നാരുകളും കൊണ്ടുണ്ടാക്കിയ കൂട്ടില്‍ സിഗററ്റിന്റെ സെലോഫോയില്‍ കടലാസ്‌ ഒരു പ്രധാനഘടകമാണ്‌. മൈനകള്‍ക്ക്‌ മധുപാനം വളരെ പഥ്യമാണ്‌. പൂള, മുരിക്ക്‌ തുടങ്ങിയ മരങ്ങള്‍ പൂത്തു നില്‍ക്കുമ്പോള്‍ ആ മരങ്ങളില്‍ കുറെ മൈനകളെ കാണാം. അതുപോലെ തന്നെ പുളിയുറുമ്പുകളെപ്പിടിച്ച്‌ ചിറകിനടിയില്‍ വെക്കുന്ന ഒരു സ്വഭാവം(Aunting) മൈനകള്‍ക്കുണ്ട്‌. ഉറുമ്പുകള്‍ അപ്പോള്‍ പുറപ്പെടുവിക്കുന്ന ആസിഡ്‌ ദേഹത്താവുക വഴി ലഭിക്കുന്ന ലഹരിക്കു വേണ്ടിയാണിത്‌. പാടങ്ങളില്‍ മേയുന്ന കാലിക്കൂട്ടങ്ങള്‍ക്കു ചുറ്റും മൈനകളെ കാണാം. കാലികളുടെ കാലിനടിയില്‍ നിന്നും രക്ഷപ്പെടുന്ന ചെറു ജീവികളെപ്പിടിക്കാനാണിത്‌.

നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും കൂടുതല്‍ കാണുന്ന രണ്ടുജാതി മൈനകളെക്കുറിച്ച്‌ പറഞ്ഞുവല്ലോ. ഇവിടങ്ങളില്‍ തന്നെ അത്ര സ്ഥിരപരിചിതമല്ലാത്ത ഒരു തരം മൈനയാണ്‌ കരിന്തലച്ചിക്കാളി(Black Headed Brahmany Myna).


പേരുപോലെ തന്നെ തലയില്‍ കറുത്ത തൊപ്പി പോലെ നീണ്ട രോമാവലി ഇതിന്റെ പ്രധാനലക്ഷണം. പക്ഷിക്ക്‌ ഉന്മേഷം വരുമ്പോഴും കാറ്റത്തും തലയില്‍ ഈ രോമങ്ങള്‍ എടുത്തു നില്‍ക്കും. ദേഹം ആകെപ്പാടെ ചെമ്മണ്ണിന്റെ നിറം. കുറ്റിക്കാടുകളില്‍ പാര്‍ക്കാന്‍ കൂടുതല്‍ ഇഷ്ടമുള്ള പക്ഷിയാണിത്‌. മനുഷ്യരുമായി അത്ര ഇടപഴകാന്‍ ഇഷ്ടനു താല്‍പ്പര്യമില്ല. അതിനാല്‍ പട്ടണങ്ങളില്‍ ഈ ജാതി മൈനകള്‍ കുറവാണ്‌. എങ്കിലും എന്തുകൊണ്ടോ മദിരാശി പട്ടണത്തില്‍ ഇവ ധാരാളമുണ്ട്‌. കൂടുകെട്ടല്‍ നാട്ടുമൈനയെപ്പോലെത്തന്നെ. എന്റെ നാടായ പട്ടാമ്പിയിലെ പാടങ്ങള്‍ക്കു ചുറ്റുമുള്ള കുറ്റിക്കാടുകളില്‍ നാലഞ്ചു വര്‍ഷം മുമ്പു വരെ കരിന്തലച്ചിക്കാളികളൂടെ ചെറുകൂട്ടങ്ങള്‍ നിത്യക്കാഴ്ചയായിരുന്നു. പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍. എന്നാല്‍ ഇന്നവിടങ്ങളില്‍ ധാരാളം കെട്ടിടങ്ങളും വീടുകളും വന്നതിനാല്‍ ഈ പക്ഷി അപ്രത്യക്ഷമായി എന്നു തന്നെ പറയാം.

മനുഷ്യരുടെ കടന്നു കയറ്റം ചില ജാതി പക്ഷികളുടെ നിലനില്‍പ്പിനു തന്നെ ദോഷകരമാവുന്നു. മനുഷ്യശബ്ദങ്ങളെ അനുകരിച്ച്‌ സംസാരിക്കുന്നതില്‍ ലോകപ്രശസ്തിനേടിയ ഒരിനം മൈനയാണ്‌ കാട്ടുമൈന(Indian Hill Myna).



പ്രഥമവീക്ഷണത്തില്‍ നാട്ടുമൈനയെപ്പോലെയെങ്കിലും ദേഹത്തിന്‌ നാട്ടുമൈനയെക്കാള്‍ വണ്ണമുണ്ട്‌. ദേഹം പച്ച, നീല, ഊത നിറങ്ങള്‍ ഒളിന്‍ഞ്ഞു കിടക്കുന്ന ഒരുതരം കറുപ്പാണ്‌. കണ്ണിനു താഴെയും പിടലിയിലുമുള്ള മഞ്ഞ നഗ്ന ചര്‍മ്മം ഒരു പ്രധാന ലക്ഷണമാണ്‌. വന്‍ കാടുകളില്‍ വസിക്കാന്‍ കൂടുതല്‍ ഇഷ്ടമുള്ള പക്ഷിയാണിത്‌. ശബരിമലയില്‍ പോയപ്പോള്‍ രണ്ടുമൂന്നു തവണ ഞാനീ പക്ഷിയെ കണ്ടിട്ടുണ്ട്‌.