ഇവിടെയുണ്ടു ഞാനെന്നറിയിക്കുവാന്‍
മധുരമാമൊരു കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായിരുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍ താഴെയിട്ടാല്‍ മതി.
ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി.
ഇതിലുമേറെ ലളിതമായ് എങ്ങനെ
കിളികളാവിഷ്കരിക്കുന്നു ജീവനെ?
"ലളിതം", ശ്രീ പി. പി. രാമചന്ദ്രന്‍
.....കിളികളുടെ ജീവിതത്തിലേക്ക്, പക്ഷികളുടെ വര്‍ണ്ണക്കാഴ്ചകളിലേക്ക്,സ്വരഭേദങ്ങളിലേക്ക്, ശ്രദ്ധ ക്ഷണിക്കുന്നൊരു പരമ്പര ഇവിടെ തുടങ്ങുന്നു...
ആന, കടല്‍, ആകാശം ഇവയൊന്നും എത്ര കണ്ടാലും മതിവരില്ല എന്ന് പഴമൊഴി അന്വര്‍ത്ഥമത്ര.
ആകാശവും ആകാശത്തിന്റെ മക്കളായ പക്ഷികളും എന്നും മനുഷ്യന്റെ കുതൂഹലം പിടിച്ചു പറ്റിയിട്ടുണ്ട്.
അമ്മക്കു ശേഷം അവന്റെ ആദ്യക്ഷരം കൗതുകവും നമ്മുടെ മുറ്റത്തു കാണുന്ന കാക്കയാണ്...
കിളികളുടെ ശബ്ദം സംഗീതമാണ്...
ബാല്യത്തിന്റെ അത്ഭുതങ്ങളില്‍ ഇരട്ടിക്കുന്ന മയില്‍പ്പീലികളുണ്ട്. കൗതുകക്കാഴ്ചകളില്‍ തൂവലുകളുടെ ഭംഗിയും മൃദുസ്പര്‍ശവുമുണ്ട്...
പക്ഷികളുടെ ലോകത്തിലേക്ക്...
വൈവിദ്ധ്യം നിറഞ്ഞതാണ് പക്ഷികളുടെ ലോകം. നാം നിത്യം കാണുന്ന പക്ഷികള്‍ ഏതെല്ലാമാണ്, അവയെ എല്ലാകാലത്തും കാണുന്നുണ്ടോ, അതോ ചില നിശ്ചിതകാലത്ത് മാത്രമേ കാണുന്നുള്ളൂ, അവയുടെ ചേഷ്ടകള്‍ എന്തെല്ലാമാണ്, കൂടുകെട്ടുന്നുണ്ടെങ്കില്‍ എവിടെ, എപ്പോള്‍, എങ്ങിനെ, കൂടുകെട്ടലില്‍ പൂവന്‍-പിടയുടെ പങ്ക് തുടങ്ങിയവക്കുള്ള ഉത്തരം കണ്ടെത്തലാണ് പക്ഷിനിരീക്ഷണം. ഇതൊരു ഹോബിയേക്കാളുപരി, ഗവേഷണ വിഷയം കൂടിയാണ്. പക്ഷികളെക്കുറിച്ച് ഇനിയും ഏറെ കണ്ടുപിടിക്കാനുണ്ട്. എല്ലാവര്‍ക്കും കണ്ടുപിടുത്തങ്ങള്‍ നടത്താനാവില്ലെങ്കിലും, കൊച്ചു കൊച്ചറിവുകളാണ് വലിയ വിവരങ്ങളായി മാറുന്നത്.
സ്റ്റാമ്പുശേഖരണം, നാണയശേഖരണം, തുടങ്ങി ഒട്ടനവധി ഹോബികള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ ഒരു പ്രായം കഴിഞ്ഞാല്‍ പലരും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ പക്ഷിനിരീക്ഷണത്തില്‍ പ്രായഭേദമില്ല, സമയപരിധിയില്ല. എപ്പോള്‍ വേണമെങ്കിലും നടത്താവുന്നതാണ്. സ്റ്റാമ്പു ശേഖരണം പോലുള്ളവ മനുഷ്യനെ മുറിക്കുള്ളില്‍ തന്നെ അടഞ്ഞിരിക്കാന്‍ പ്രേരിപ്പിക്കുമെങ്കില്‍, പക്ഷിനിരീക്ഷണം നമ്മെ ശുദ്ധവായുവുള്ള തുറസ്സായ സ്ഥലത്തേക്കാനയിക്കുന്നു. അതുവഴി മാനസിക, ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പക്ഷി നിരീക്ഷണം പ്രകൃതിസ്നേഹം കൂടി വര്‍ദ്ധിപ്പിക്കുന്നു.
പക്ഷികളുടെ പേരുകള്‍ പഠിക്കലാണ് പക്ഷി നിരീക്ഷണത്തിന്റെ ആദ്യ പടി. മലയാളം പേരുകള്‍ക്കൊപ്പം ഇംഗ്ലീഷ് പേരുകള്‍ കൂടി പഠിക്കേണ്ടതുണ്ട്. കാരണം, അവ പൊതുവയതാണ്. മലയാളപേരുകള്‍ക്ക് ദേശവല്‍കൃതമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പക്ഷിനിരീക്ഷണത്തില്‍ അറിവുള്ള ആളില്‍ നിന്നോ, 'കേരളത്തിലെ പക്ഷികള്‍' തുടങ്ങിയ പുസ്തകങ്ങളില്‍ നിന്നോ അവ സാധിക്കാം. പക്ഷികള്‍ കൂടുതല്‍ പുറത്തിറങ്ങുന്ന രാവിലേയും, വൈകീട്ടുമാണ് പക്ഷിനിരീക്ഷണത്തിന് പറ്റിയ സമയം. നിരീക്ഷണത്തിനിറങ്ങുമ്പോള്‍ ഒരു പേന, ചേരിയ നോട്ടുബുക്ക്, ദൂരദര്‍ശിനി തുടങ്ങിയവ കരുതേണ്ടതാണ്. പേരറിയാത്ത പക്ഷിയെ കണ്ടാല്‍ അവയുടെ നിറങ്ങളും, ചേഷ്ടകളും നോട്ട് ചെയ്ത് പക്ഷി പുസ്തകത്തില്‍ നിന്ന് പേരുകള്‍ തിരിച്ചറിയാം. നിത്യവും ഒരു ഡയറി എഴുതലാവും നല്ലത്. കാലാകാലങ്ങളിലെ മാറ്റങ്ങള്‍ ഇതില്‍ നിന്നറിയാം. പല പക്ഷികളും വീട്ടുവളപ്പില്‍ കൂടുകള്‍ കെട്ടും. അവയെ പേടിപ്പിക്കാതെ അവയുടെ വൈചിത്ര്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍പ്പരം കൗതുകം വേറെയില്ല.
പക്ഷിനിരീക്ഷണത്തെക്കുറിച്ചു പറയുമ്പോള്‍ കേരളത്തില്‍ പക്ഷിനിരീക്ഷണത്തിന് ഒരു പുതിയ മാനം നല്‍കിയ ശ്രീ ഇന്ദുചൂഡനെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല.
കേരളത്തില്‍ പക്ഷിനിരീക്ഷണത്തിന് ഒരു പുതിയ മാനം നല്‍കിയത് ശ്രീ ഇന്ദുചൂഡനാണ്. ശ്രീ നീലകണ്ഠന്റെ തൂലികാനാമമാണ് ഇന്ദുചൂഡന്‍. 1923 ഏപ്രില്‍ മാസത്തില്‍ പാലക്കാട് ജില്ലയിലെ കാവശ്ശേരിയിലാണ് അദ്ദേഹം ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത ശേഷം കോളേജ് അദ്ധ്യാപകനായി. ഒരു മുഴുവന്‍ സമയ പക്ഷിനിരീക്ഷകനായിരുന്നില്ല ശ്രീ നീലകണ്ഠന്‍. ഔദ്യോഗികമായ തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റിയശേഷം ബാക്കിവരുന്ന സമയമാണ് അദ്ദേഹം പക്ഷിപഠനത്തിനു വിനിയോഗിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ 'പെലിക്കന്റി'(പെലിക്കന്‍ എന്ന കൂറ്റന്‍ നീര്‍പറവയുടെ പ്രത്യുത്പാദനകേന്ദ്രം ഇദ്ദേഹമാണ് കണ്ടുപിടിച്ചത്.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും പക്ഷികളെക്കുറിച്ച് ധാരാളം ലേഖനങ്ങളും കുറിപ്പുകളും ഇന്ദുചൂഡന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലില്‍ അദ്ദേഹത്തിന്റെ പക്സി നിരീക്ഷണക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ കേരളത്തിലെ പക്ഷികള്‍, പക്ഷികളും മനുഷ്യരും, പക്ഷികളുടെ അദ്ഭുത പ്രപഞ്ചം, എ ബുക്ക് ഓഫ് കേരള ബേര്‍ഡ്സ്.. തുടങ്ങിയ പുസ്തകങ്ങളും ഇന്ദുചൂഡന്റെതായിട്ടുണ്ട്. പഷികളും മനുഷ്യരും എന്ന ഗ്രന്ഥം 1980ല്‍ കേരളസര്‍ക്കാരിന്റെ മികച്ച ബാലസാഹിത്യത്തിനുള്ള അവാര്‍ഡും 1981ല്‍ കൈരളി ചില്‍ഡ്രന്‍സ് ട്രസ്റ്റിന്റെ അവാര്‍ഡും നേടി. കൂടാതെ കേരള നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപകന്‍, കേരള വന്യജീവി സംരക്ഷണ ബോര്‍ഡില്‍ അംഗം, തുടങ്ങിയ പദവികളും അലങ്കരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പക്ഷികളെന്ന ഗ്രന്ഥം പക്ഷിനിരീക്ഷകര്‍ക്കൊരു ഉത്തമ വഴികാട്ടികൂടിയാണ്. ഓരോ പ്രകൃതിസ്നേഹിയും സൂക്ഷിച്ചുവെക്കേണ്ടതാണീ ഗ്രന്ഥം. കേരളത്തില്‍ മഴക്കൊച്ച, തവിടുപാറ്റപിടിയന്‍, ചിന്നമുണ്ടീ തുടങ്ങി ഒട്ടനവധി പക്ഷികളുടെ പ്രജനനം കണ്ടുപിടിച്ചതിദ്ദേഹമാണ്. കൂടാതെ പല പക്ഷികളുടെയും ശബ്ദങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം ശാസ്ത്രലോകത്തിനു മുതല്‍ക്കൂട്ടാണ്.
പക്ഷികളെക്കുറിച്ചുള്ള ഈ ലേഖനത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പക്ഷിനിരീക്ഷണം നടത്തിവരുന്ന ഒരാളെന്ന നിലയ്ക്ക് കുറച്ച് പക്ഷികളെ കുറിച്ചെഴുതാന്‍ ഞാനാഗ്രഹിക്കുന്നു. അത് വരും ദിവസങ്ങളില്‍...
5 comments:
.....കിളികളുടെ ജീവിതത്തിലേക്ക്, പക്ഷികളുടെ വര്‍ണ്ണക്കാഴ്ചകളിലേക്ക്,സ്വരഭേദങ്ങളിലേക്ക്, ശ്രദ്ധ ക്ഷണിക്കുന്നൊരു പരമ്പര ഇവിടെ തുടങ്ങുന്നു...
മലയാളത്തിലെ ഈ ബ്ലോഗും പക്ഷികളെ കുറിച്ചുള്ള കുറച്ചു കാര്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടു്.
സ്വാഗതം...
തുടരുക..ആശംസകള്‍..
തൂവല്‍പ്പാടുകള്‍ - thoovalppaaTukaL
qw_er_ty
സ്വാഗതം. എല്ലാ ആശംസകളും.
പ്രതീക്ഷാപൂര്‍വ്വം,
Post a Comment